'ഇങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടില്ല' – മുന്നറിയിപ്പു നൽകി ഗോകുലം കേരള പരിശീലകൻ

 

പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെ പരിശീലകൻ കിബു വികൂനയെ പുറത്താക്കിയ മാനേജ്മെന്റിന്റെ തീരുമാനം ഉചിതമായിരുന്നില്ലെന്ന് ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ കോച്ച് വിൻസെൻസോ ആൽബർട്ടോ. പരിശീലകർക്ക് ടീമിനെ മികച്ചതാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ അതു വർധിച്ചുവെന്നും ഈ സീസണിൽ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ പരിശീലകൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മത്സരത്തിൽ ഹൈദെരാബാദിനോട് തോറ്റ് പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കിബു വികുനയെ പുറത്താക്കുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ സ്‌പാനിഷ്‌ പരിശീലകന് ബ്ലാസ്‌റ്റേഴ്‌സിനു പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. നിരവധി മത്സരങ്ങളിൽ പ്രതിരോധപ്പിഴവും അലംഭാവപൂർണമായ സമീപനവുമാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായിരുന്നത്.

“ക്ലബുകൾ അൽപം കൂടി ക്ഷമ പരിശീലകരുടെ കാര്യത്തിൽ കാണിക്കണം. ഇന്ത്യയിൽ ആദ്യ വർഷമാകുമ്പോൾ പല പരിശീലകർക്കും കൂടുതൽ സമയം ആവശ്യമായി വരും. മത്സരത്തിനൊരുങ്ങാൻ വേണ്ടത്ര സമയമില്ലാത്തതും, ടീമുകൾ അടുപ്പിച്ചു കളിക്കുന്നതും ഹോം ആൻഡ് എവേ ഗോളുകൾ ഇല്ലാത്തതും അവർക്ക് തിരിച്ചടിയാണ്,” ഇന്ത്യൻ ആരോസിനെതിരായ ഐ ലീഗ് മത്സരത്തിനു മുൻപ് ആൽബർട്ടോ പറഞ്ഞു.

“ഐഎസ്എല്ലിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യമതാണ്, പതിനൊന്നു ടീമുകളിൽ ആറോളം പരിശീലകർ ഈ സീസണിൽ മാറിവന്നു. അത് യുക്തിപരമായ തീരുമാനമല്ല. ഐഎസ്എല്ലിനെ കുറിച്ച് ഞാൻ സംസാരിക്കുന്നില്ല. എന്നാൽ ഐ ലീഗിൽ കഴിഞ്ഞ സീസണിൽ കിരീടം നേടുകയും ഈ സീസണിൽ ഐഎസ്എല്ലിൽ അവസരം ലഭിക്കുകയും ചെയ്‌ത കിബു വികുനയെ പുറത്താക്കിയ തീരുമാനം എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല.

“ഐഎസ്എല്ലിലും ഐ ലീഗിലും ഇപ്പോൾ നടക്കുന്നതു പോലൊരു ടൂർണമെന്റ് ഇനിയുണ്ടാകാൻ സാധ്യതയില്ല. അടുത്ത സീസണിൽ ഇതിനേക്കാൾ സ്വാതന്ത്ര്യം പരിശീലകർക്ക് ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒട്ടനവധി നിയന്ത്രണങ്ങളിലൂടെ മാസങ്ങൾ പിന്നിട്ട പരിശീലകർക്ക് അത് ആവശ്യവുമാണ്.”

ഒരു വർഷത്തിലധികം ഒരു പരിശീലകൻ തുടരുന്നത് ടീമിന് നല്ലതാണെന്നും ആൽബർട്ടോ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിജയം ആവശ്യമാണെങ്കിലും പരിശീലകനെ അടിക്കടി മാറ്റിക്കൊണ്ടിരുന്നാൽ ടീമിന് ഉയർച്ചയുണ്ടാകാൻ സാധ്യതയില്ലെന്നും ആൽബർട്ടോ അഭിപ്രായപ്പെട്ടു.