'ഇങ്ങനെയാണ് ഞങ്ങളത് കണ്ടത്' – ആൽബക്കെതിരായ ഫൗളിന്റെ മറ്റൊരു ആംഗിളിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ട് ബാഴ്സലോണ

 

കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന കോപ്പ ഡെൽ റേയുടെ ആദ്യ പാദ സെമിയിൽ മറുപടിയില്ലാത്ത 2 ഗോളിന്റെ പരാജയമായിരുന്നു ബാഴ്സലോണ ഏറ്റുവാങ്ങിയത്. നിരാശാജനകമായ മത്സരഫലം ഏറ്റുവാങ്ങിയ മത്സരത്തിൽ ബാഴ്സലോണയെ ഏറ്റവുമധികം ചൊടിപ്പിച്ചത് തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി റഫറി അനുവദിക്കാതിരുന്നതായിരുന്നു. ജോർഡി ആൽബക്കെതിരെ എതിർ താരം ബോക്സിനുള്ളിൽ വെച്ച് നടത്തിയ ഫൗളിന് കറ്റാലൻ ക്ലബ്ബിന് പെനാൽറ്റി ലഭിക്കേണ്ടതായിരുന്നുവെങ്കിലും മത്സരം നിയന്ത്രിച്ച അന്റോണിയോ മത്തേവൂ ലഹോസ്, ഫ്രീകിക്കാണ് ബാഴ്സക്ക് അനുവദിച്ചത്.

സെവിയ്യ ബോക്സിന്റെ ഇടത് വശത്ത് കൂടി പന്തുമായി മുന്നോട്ട് കുതിക്കാനുള്ള ആൽബയുടെ ശ്രമം എതിർ താരം തടയുന്നതിനിടെ ബോക്സിനകത്ത് ആൽബ വീണു. ഈ സമയം പെനാൽറ്റിക്കായി ബാഴ്സലോണ താരങ്ങൾ ഏറെ വാദിച്ചെങ്കിലും പെനാൽറ്റി ഏരിയക്ക് പുറത്ത് നിന്ന് ഫ്രീകിക്ക് നൽകാൻ മാത്രമേ റഫറി തയ്യാറായുള്ളൂ. ഇത് ബാഴ്സലോണ താരങ്ങളെ ഏറെ രോഷാകുലരുമാക്കിയിരുന്നു.

ഇന്നലെ ബാഴ്സലോണ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഈ സംഭവത്തിന്റെ വ്യത്യസ്ത ആംഗിളിൽ നിന്നുള്ള വീഡിയോ പുറത്ത് വിട്ടു‌. ‘ഇങ്ങനെയാണ് ഞങ്ങൾ അത് കണ്ടത്’ എന്ന ക്യാപ്ഷനോടെ ബാഴ്സലോണ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ജോർഡി ആൽബ ബോക്സിനുള്ളിൽ ഫൗളിനെത്തുടർന്ന് വീഴുന്നത് കൃത്യമായി കാണാൻ കഴിയും. എന്നാൽ ഈ പോസ്റ്റിന് താഴെ അത് പെനാൽറ്റിയാണെന്നും, അല്ലെന്നും വിലയിരുത്തി നിരവധി ഫുട്ബോൾ പ്രേമികളാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. എന്ത് തന്നെയായാലും പെനാൽറ്റി നിഷേധിക്കപ്പെട്ട മത്സരത്തിൽ ബാഴ്സലോണ പരാജയപ്പെടുക കൂടി ചെയ്തതിനാൽ ഈ സംഭവം കുറച്ച് ദിവസത്തേക്ക് ഫുട്ബോൾ ലോകത്ത് ചർച്ചയാകുമെന്നത് ഉറപ്പ്.

അതേ സമയം ജൂൾസ് കൂണ്ടെ, ഇവാൻ റാക്കിട്ടിച്ച് എന്നിവരുടെ ഗോളുകളായിരുന്നു കോപ്പ ഡെൽ റേയുടെ ആദ്യ പാദ സെമിയിൽ ബാഴ്സലോണക്കെതിരെ സെവിയ്യക്ക് 2-0ന്റെ തകർപ്പൻ ജയം സമ്മാനിച്ചത്. അടുത്ത മാസം നാലാം തീയതിയാണ് രണ്ടാം പാദ സെമി ഫൈനൽ നടക്കുക.