കാറ്റു മുതൽ എതിർ ടീമിന്റെ പെനാൽറ്റികൾ വരെ; മോശം പ്രകടനത്തിനു ക്ളോപ്പ് പറഞ്ഞിട്ടുള്ള വിചിത്രമായ ഒഴികഴിവുകൾ

 

ലോകഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ക്ളോപ്പ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലിവർപൂളിനൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ജർമൻ പരിശീലകൻ കളിക്കാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും വളരെയധികം പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. എന്നാൽ ക്ളോപ്പ് പലപ്പോഴും കളിയാക്കപ്പെടുന്നത് മത്സരത്തിൽ മോശം പ്രകടനം നടത്തിയതിനു അദ്ദേഹം പറയുന്ന ഒഴികഴിവുകളുടെ പേരിലാണ്.

കളികൾ തോൽക്കാനിഷ്ടപ്പെടാത്തത് ഒരു പരിശീലകനെ സംബന്ധിച്ച് നല്ല കാര്യമാണെങ്കിലും തന്റെ ടീം മോശം പ്രകടനം കാഴ്ച വെച്ചാൽ അതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിന് പകരം മോശം പ്രകടനത്തിന് വിചിത്രമായ ന്യായങ്ങളാണ് ക്ളോപ്പ് നിരത്തുക. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അലിസൺ വരുത്തിയ പിഴവുകൾക്ക് കാരണം താരത്തിനുണ്ടായ പേടിയാണെന്നാണ് ക്ളോപ്പ് പറഞ്ഞത്.

ലിവർപൂൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി നേരിട്ട മത്സരത്തിന് ശേഷം ക്ളോപ്പിന്റെ വിചിത്രമായ ഒഴികഴിവുകളെ പട്ടികപ്പെടുത്തി @theruiningfootbal എന്ന ട്വിറ്റർ യൂസർ രംഗത്തെത്തി. മത്സരത്തിന് ശേഷം ലിവർപൂൾ പരിശീലകൻ ഉയർത്തിയ വാദങ്ങളെക്കുറിച്ച് വന്ന വാർത്തകളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് രസകരമായ ട്വിറ്റർ ത്രെഡ് ഉണ്ടാക്കിയിരിക്കുന്നത്.

2017-18 സീസണിൽ ബ്രോമിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ് ചെയ്തതിനു ശേഷം സമനില വഴങ്ങിയതിനു ശേഷം ക്ളോപ്പ് നടത്തിയ വിചിത്രമായ പ്രതികരണം ഇങ്ങിനെയായിരുന്നു. “ആ പോയിന്റ് വെസ്റ്റ് ബ്രോമിന് വളരെയധികം ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അവർക്കത് ആവശ്യമില്ല, ഞങ്ങൾക്കാണത് ആവശ്യം. അവർ ഇപ്പോൾ സന്തുഷ്ടരായിരിക്കും, ഞങ്ങൾ സന്തുഷ്ടരല്ല. ഞങ്ങൾ ലീഗിൽ തുടരും, അവർ തുടരില്ല. വിചിത്രമായ സാഹചര്യമാണിത്.”

ലീഗ് കപ്പിന്റെ സെമി ഫൈനലിൽ സൗത്താംപ്ടൺ ലിവർപൂളിലെ ഒരു ഗോളിന് തോൽപിച്ച് ഫൈനലിൽ ഇടം പിടിച്ചപ്പോൾ ക്ളോപ്പ് കുറ്റം പറഞ്ഞത് കാറ്റിനെയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി കാറ്റ് കാരണം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യം പറഞ്ഞാൽ പലരും ചിരിക്കുമെന്നും കൂട്ടിച്ചേർത്തു. പന്ത് കൈവശം വെച്ച് കളിക്കുന്ന ടീമുകളെ സംബന്ധിച്ച് ഇതുപോലെ കാറ്റുള്ളത് വളരെ ബുദ്ധിമുട്ടാണെന്നും ക്ളോപ്പ് വ്യക്തമാക്കിയിരുന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ പെനാൽറ്റികൾ ലഭിക്കുന്നുവെന്നും മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റു ക്ലബുകളെ അപേക്ഷിച്ച് രണ്ടാഴ്ച കൂടുതൽ വിശ്രമം ലഭിച്ചുവെന്നുമുള്ള പരാതികളും ജർമൻ പരിശീലകൻ ഉയർത്തിയെങ്കിലും സിറ്റിക്കെതിരെ നടത്തിയ പരാമർശത്തിന് പെപ് ഗാർഡിയോള അതിനു പിന്നാലെ തന്നെ മറുപടി നൽകിയിരുന്നു. ക്ളോപ്പ് നുണ പറയുകയാണെന്ന് അദ്ദേഹത്തിനു തന്നെ അറിയാമെന്നും ഒരു ടീമിനും രണ്ടാഴ്ച വിശ്രമം ലഭിച്ചിട്ടില്ലെന്നുമാണ് പെപ് പറഞ്ഞത്.