ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ തർക്കിച്ച് മെസിയും പരെഡെസും

 

കഴിഞ്ഞ ദിവസം പിഎസ്‌ജിയും ബാഴ്സലോണയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിനിടെ അർജന്റൈൻ താരങ്ങളായ ലയണൽ മെസിയും ലിയാൻഡ്രോ പരെഡെസും വാക്കു തർക്കത്തിൽ ഏർപ്പെട്ടത് ചർച്ചയാകുന്നു. ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്ന ഇരു താരങ്ങളും തമ്മിൽ മൈതാനത്ത് പരസ്പരം ചൂടായത് അർജന്റീന‌ൻ പരിശീലകൻ ലയണൽ സ്കലോണിക്കാണ് തലവേദന നൽകുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

പിഎസ്‌ജിയുടെ മധ്യനിര താരമായ പരെഡെസ് മത്സരത്തിൽ പല തവണ മെസിക്കെതിരെ ചലഞ്ചുകൾ നടത്തിയിരുന്നു. ഇത് ബാഴ്സലോണ താരത്തെ അസ്വസ്ഥനാക്കിയെന്നാണ് കരുതപ്പെടുന്നത്. പിന്നീട് കളിയിൽ പി എസ്‌ജിക്ക് അനുകൂലമായി ഫ്രീകിക്കുകളിലൊന്ന് ലഭിച്ച സമയം മെസിയും, പരെഡെസും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. മെസി, പരെഡെസിനോട് അതൃപ്തിയിൽ സംസാരിക്കുന്നതും റഫറി തുടർന്ന് മെസിക്കരികിലേക്ക് വരുന്നതുമെല്ലാം വൈറലായിരിക്കുന്ന വീഡിയോയിൽ കാണാം. എന്നാൽ ഇരു താരങ്ങളും പറഞ്ഞ കാര്യം എന്തെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.

അതേ സമയം, അർജന്റീനൻ ദേശീയ ടീമിൽ തനിക്ക് കീഴിൽ കളിക്കുന്ന രണ്ട് താരങ്ങൾ തമ്മിൽ മൈതാനത്ത് കടുത്ത വിയോജിപ്പുണ്ടായത്‌ ദേശീയ ടീമിന്റെ പരിശീലക‌നായ ലയണൽ സ്കലോണിക്ക്‌ വലിയ തലവേദനയാണ്‌ സമ്മാനിക്കുന്നത്. അർജന്റീന ടീമിൽ സ്കലോണിയുടെ പ്രിയ താരങ്ങളിലൊരാളാണ് പരെഡെസ്. ടീമിലെ‌ മെസിയുടെ പ്രാധാന്യമാകട്ടെ വിശദീകരിക്കേണ്ട കാര്യവുമില്ല. കളിയുടെ ചൂടിന്റെ പുറത്ത് പറഞ്ഞതിനപ്പുറത്തേക്ക് ഇത് ഒരു പ്രശ്നമായി വളരില്ലെന്നാവും സ്കലോണി പ്രതീക്ഷിക്കുന്നത്.

അതേ സമയം, ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്‌ജി ബാഴ്‌സലോണയെ ചാമ്പ്യൻസ് റൗണ്ട്-ഓഫ്-16ന്റെ ആദ്യ പാദത്തിൽ ക്യാമ്പ് നൗവിൽ വെച്ച് തോൽപ്പിച്ചത്. പിഎസ്‌ജിക്ക് വേണ്ടി കെയ്‌ലിൻ എംബാപ്പെ ഹാട്രിക്കും, മോയ്‌സ്‌ കീൻ ഒരു ഗോളും നേടിയപ്പോൾ, മെസിയാണ് ബാഴ്‌സ നേടിയ ഒരേ ഒരു ഗോൾ നേടിയത്.