Football Sports

'പിച്ചിലും പുറത്തും നിങ്ങൾ എത്ര നല്ലവനാണെന്ന് പറയേണ്ടതില്ല,' ആഴ്സനൽ വിട്ട ഓസിലിനെ പ്രശംസിച്ച് ഔബമയാംഗ്

 

ആഴ്സനലിനൊപ്പമുള്ള ഏഴര വർഷത്തെ സേവനം അവസാനിപ്പിച്ച് തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് ചേക്കേറിയ മെസ്യൂട് ഓസിലിനെ പ്രശംസിച്ച് ഗണ്ണേഴ്സ് നായകൻ പിയറി എമറിക്ക് ഔബമയാംഗ്. ഇൻസ്റ്റഗ്രാമിൽ ത‌ന്റെ പ്രിയ സഹതാരത്തിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചു കൊണ്ടായിരുന്നു ഔബമയാംഗ് ഓസിലിന് വിടവാങ്ങൽ ആശംസകൾ അറിയിച്ചത്.

ഫെനർബാഷെയിലേക്ക് ചേക്കേറിയ ഓസിലിനുള്ള പ്രശംസകളും, ആശംസകളും കൊണ്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഏറ്റവും പുതുതായി അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയ പ്രമുഖനാണ് ഔബമയാംഗ്. ആഴ്സനലിനൊപ്പമുള്ള വമ്പൻ കരാർ അവസാനിപ്പിച്ചു കൊണ്ട് തുർക്കിഷ് ക്ലബ്ബിലേക്ക് മാറിയ ജർമൻ താരത്തിന് ആശംസ അറിയിച്ചു കൊണ്ട് ഔബമയാംഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, “എന്റെ സഹോദരാ, നിങ്ങൾക്ക്‌ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഒപ്പം നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നിങ്ങൾ പിച്ചിലും പുറത്തും എത്ര നല്ലവനാണെന്നും ആളുകളെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കേണ്ടതില്ല. ഉടൻ ഫോർട്ട് നൈറ്റിൽ (ഓൺലൈൻ ഗെയിം) കാണാം.”

അതേ‌ സമയം, ആഴ്സനൽ നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഉടൻ മറുപടി നൽകി ഓസിൽ രംഗത്തെത്തി. രണ്ട് ലൗവ് ഇമോജികൾ നൽകിയായിരുന്നു ഈ പോസ്റ്റിനോടുള്ള തന്റെ സ്നേഹം ഓസിൽ അറിയിച്ചത്. ഓസിലിനുള്ള ഔബമയാംഗിന്റെ വിടവാങ്ങൽ പോസ്റ്റും, അതിന് ഓസിൽ നൽകിയ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

നേരത്തെ, ആഴ്‌സണൽ പ്രതിരോധതാരമായ മുസ്താഫി, ആഴ്‌സണലിൽ നിന്നുള്ള ലോണിൽ ഷാൽക്കെക്ക് വേണ്ടി കളിക്കുന്ന സീഡ് കൊളാസിനാക്ക്, ഹെർത്ത ബെർലിന് വേണ്ടി കളിക്കുന്ന മാറ്റിയോ ഗുണ്ടൂസി എന്നിവരുൾപ്പെടെയുള്ളവർ ഓസിലിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.