ഫ്രാൻസിനെ നയിക്കാൻ സിദാൻ പരിഗണനയിലെന്ന് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, പ്രതികരിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

 

സിനദിൻ സിദാനെ സംബന്ധിച്ച് സ്വപ്‌നമാണ് ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ പരിശീലകനാവുകയെന്നത്. തന്റെ കരിയറിൽ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരം പരിശീലകനെന്ന നിലയിലും ആ നേട്ടം ആവർത്തിച്ചാൽ അത് ചരിത്രമായി മാറും. റയൽ മാഡ്രിഡിനൊപ്പം തന്റെ പരിശീലനമികവ് തെളിയിച്ചിട്ടുള്ള താരത്തിന്റെ സ്വപ്‌നം പൂർത്തിയാകാൻ വളരെയധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ നോയൽ ലെ ഗ്രെറ്റിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

“ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ടീം വിടുകയും ഞാൻ ഈ സ്ഥാനത്തു തന്നെ തുടരുകയും ചെയ്‌താൽ ആദ്യം ഞാൻ കാണാനിഷ്ടപ്പെടുന്നത് സിദാനെയാണ്. വളരെ നല്ലൊരു ബന്ധം സിദാനുമായി എനിക്കുണ്ട്, വ്യക്തിപരമായെങ്കിലും,” ആർടിഎല്ലിനോട് സംസാരിക്കുമ്പോൾ ഗ്രെറ്റ് പറഞ്ഞത് സ്‌പാനിഷ്‌ മാധ്യമം എഎസ് വെളിപ്പെടുത്തി.

അതേസമയം താനിപ്പോൾ ചിന്തിക്കുന്നത് റയൽ മാഡ്രിഡിനെ കുറിച്ച് മാത്രമാണെന്നാണ് സിദാൻ ഇതിനോട് പ്രതികരിച്ചത്. റയൽ മാഡ്രിഡിനൊപ്പം ഏകദേശം ഇരുപതു വർഷങ്ങളായി തുടരുന്ന താൻ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും ഈ ജോലി തനിക്ക് ആവേശം നൽകുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഒരിക്കൽ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും അതിനൊപ്പം വ്യക്തമാക്കി.

“ദേശീയ ടീം ഒരിക്കൽ എന്റെ ലക്ഷ്യമായിരിക്കും. അത് ഞാൻ പത്തു വർഷങ്ങൾക്ക് മുൻപ് പരിശീലകനായി കരിയർ ആരംഭിച്ചപ്പോൾ പറഞ്ഞിട്ടുള്ള കാര്യമാണ്. അത് ഒരിക്കൽ സാധ്യമായേക്കാം. എന്നാൽ ഇപ്പോൾ ഞാൻ മാഡ്രിഡിനൊപ്പമാണ്. എന്റെ ചുമതല ഞാൻ ഇവിടെ ചെയ്യാനുള്ളതിനെ കുറിച്ച് ചിന്തിക്കുകയെന്നതു മാത്രമാണ്,” സിദാൻ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ദെഷാംപ്‌സിന് മുന്നിലെ അടുത്ത കടമ്പ വരാനിക്കുന്ന യൂറോ കപ്പ് കിരീടമാണ്. അതേസമയം റയലിനൊപ്പം തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ചരിത്രം കുറിച്ചിട്ടുള്ള സിദാന്റെ ഇപ്പോഴത്തെ നില അത്ര സുഖകരമാണെന്ന് കരുതാൻ കഴിയില്ല.