Football Sports

മഹത്തായ താരങ്ങൾ അവർ ആഗ്രഹിക്കുന്നിടത്ത് കളിക്കുമെന്ന് ഞാൻ കരുതുന്നു ; എംബാപ്പെയെക്കുറിച്ച് സിദാൻ

 

പി എസ് ജി യുടെ കിലിയൻ എംബാപ്പെയെപ്പോലുള്ള സൂപ്പർ താരങ്ങൾക്ക് തങ്ങൾക്ക് എവിടെയാണ്‌ കളിക്കേണ്ടതെന്ന് പറയാനുള്ള കഴിവുണ്ടെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. മികച്ച കളികാർക്ക് അവരുടെ ഭാവി നിർണയിക്കാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം മുൻ ബ്രസീലിയൻ താരം റൊണാൾഡോ നസാരിയോ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിദാനും ഇത്തരത്തിലൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.

റൊണാൾഡോ പറഞ്ഞതിനോട് താൻ യോജിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന സിദാൻ, എന്നാൽ എല്ലാവർക്കും കരാർ ഉള്ളതാണെന്നും, നമ്മുടേതല്ലാത്ത കളികാരുടെ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.‌ അൽകോയാനോയ്ക്കെതിരെ അടുത്ത ദിവസം നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ പോരാട്ടത്തിന് മുന്നോടിയായി മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു‌ സിദാൻ.

അതേ സമയം വരുന്ന സമ്മറിൽ കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡ് ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും വ്യക്തമാക്കാൻ സിദാൻ തയ്യാറായില്ല. ബയേൺ താരമായ ഡേവിഡ് അലാബയുമായി റയൽ മാഡ്രിഡ് ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്ക‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യവും പത്രസമ്മേളനത്തിനിടെ സിദാന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ തന്റേതല്ലാത്ത കളികാരനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നതെന്നും, താൻ ഇപ്പോൾ അടുത്ത ദിവസം നടക്കാനിരിക്കുന്ന മത്സരത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു സിദാന്റെ മറുപടി.