മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്‌പെയിനിൽ പ്രവേശിക്കാനാവില്ല; യൂറോപ്പ ലീഗ് മത്സരം ടൂറിനിൽ വെച്ച് നടത്തിയേക്കും

 

ഈ മാസം സ്പാനിഷ് ക്ലബ്ബായ റയൽ സോസിദാദിനെതിരെ നടക്കാനിരിക്കുന്ന യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32ന്റെ എവേ മത്സരം ഇറ്റലിയിൽ കളിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നിർബന്ധിതരായേക്കുമെന്ന് സൂചന. കൊറോണ വൈറസിനെത്തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പെയിനിൽ പ്രവേശിക്കാൻ കഴിയാത്തതാണ് മത്സരം അവിടെ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ കാരണമാകുന്നത്. ഈ മാസം 18നാണ് മത്സരം നടക്കാനിരിക്കുന്നത്. സാധാരണ ഗതിയിൽ റയൽ സോസിദാദിന്റെ ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണിത്.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്പെയിനിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-റയൽ സോസിദാദ് മത്സരത്തിന് യുവന്റസിന്റെ ഹോം ഗ്രൗണ്ടായ ടൂറിനിലെ അലയൻസ് സ്റ്റേഡിയം വേദിയാകുമെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്‌. എന്നാൽ ടൂറിനിലേക്ക് മത്സരം മാറ്റാൻ ഇരു ക്ലബ്ബുകളും, യുവേഫയും സമ്മതം മൂളിയാലും, യുവന്റസിന്റെ സമ്മതവും മത്സരത്തിന്റെ നടത്തിപ്പിന് അനിവാര്യമാണ്‌.

അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇപ്പോൾ വേദിമാറ്റത്തിന് നിർബന്ധിതരായിരിക്കുന്ന ക്ലബ്ബ്. നേരത്തെ ആർ ബി ലെപ്സിഗിനെതിരായ, ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് എവേ മത്സരവും ഇക്കാരണത്താൽ ജർമനിയിൽ നിന്ന് ഹംഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന‌ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് എവേ മത്സരം സ്പെയിനിൽ നിന്ന് റൊമാനിയയിലേക്ക് മാറ്റുന്നതിനെപ്പറ്റിയുള്ള ചർച്ചകളും ഗൗരവകരമായി പിന്നാമ്പുറത്ത് നടക്കുന്നുണ്ട്.

നേരത്തെ ക്രിസ്തുമസിന് തൊട്ടു മുമ്പായിരുന്നു യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും സ്പെയി‌ൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ മാസം 16 വരെയാണ് ഈ യാത്ര വിലക്കുള്ളത്‌. സ്പാനിഷ് പൗരന്മാർക്ക് മാത്രമാണ് ഈ നിയന്ത്രണങ്ങളിൽ അല്പമെങ്കിലും ഇളവ് അധികൃതർ അനുവദിക്കുക‌.