മെസിക്ക് തനിയേ ബാഴ്സലോണയെ രക്ഷിക്കാനാകില്ലെന്ന് റിവാൾഡോ, താരം പിഎസ്‌ജിയിലേക്ക് പോകുമെന്നും ബ്രസീലിയൻ ഇതിഹാസം

 

പിഎസ്‌ജിക്കെതിരെ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ തോൽവി വഴങ്ങിയ മത്സരം ക്യാമ്പ് നൗവിൽ ബാഴ്സലോണക്കൊപ്പമുള്ള മെസിയുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കുമെന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. വരുന്ന‌ സമ്മറിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസിയുടെ ഭാവി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജെർമ്മനിലായിരിക്കുമെന്നും ഇതി‌നൊപ്പം മുൻ ബാഴ്സലോണ താരമായിരുന്ന റിവാൾഡോ പറഞ്ഞു. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”പി എസ് ജിക്കെതിരായ കനത്ത തോൽവി തീർച്ചയായും ക്യാമ്പ് നൗവിൽ ബാഴ്സലോണക്കൊപ്പമുള്ള മെസിയുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമായിരിക്കും. വലിയ ട്രോഫിക്കൾക്കായി പോരാടാനുള്ള യഥാർത്ഥ സാധ്യത മെസിക്ക് നൽകാൻ ബാഴ്സലോണയ്ക്ക് കഴിയില്ല. അദ്ദേഹത്തിന്റെ ഭാവി പി എസ് ജിയിലായിരിക്കും. ട്രോഫികൾ നേടുന്നത് തുടരാൻ അദ്ദേഹത്തിന് അവസരം നൽകാൻ കഴിയുന്ന ടീമാണ് അവർ (പി എസ് ജി).””

–  റിവാൾഡോ

മെസി ഇപ്പോളും ടീമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന റിവാൾഡോ, അദ്ദേഹത്തിന് തനിയെ ബാഴ്സലോണയെ രക്ഷപെടുത്താനാകില്ലെന്നും അഭിപ്രായപ്പെട്ടു. പി എസ് ജിക്കെതിരായ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പകുതിയിൽ ബാഴ്സലോണക്ക് തിരിച്ചുവരവ് നടത്താനാകില്ലെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

“” (പിഎസ്ജിക്കെതിരെ) തിരിച്ചുവരവിൽ വിശ്വസിക്കുന്ന ഒരു കളിക്കാരൻ പോലും സ്ക്വാഡിലില്ല. ഇത് തിരിക്കുക അസാധ്യമാണ്.” “

– റിവാൾഡോ

അതേ സമയം ഈ സമ്മറിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന മെസി തന്റെ ഭാവി കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. സീസണിന്റെ അവസാനത്തോടെ ഇക്കാര്യത്തിൽ മെസി അന്തിമ‌ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഈ സീസണിലും ബാഴ്സലോണ കിരീട നേട്ടങ്ങളിൽ നിന്ന് അകന്നു‌ നിന്നാൽ മെസി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ വിലയിരുത്തുന്നത്.