Football Sports

രണ്ട് വിദേശ താരങ്ങളുമായി കരാർ നീട്ടാൻ തയ്യാറെടുത്ത് കേരളാ ബ്ലാസ്റ്റേഴ്സ്; ആരാധകർക്ക് ആവേശ വാർത്ത

 

ഐഎസ്എൽ സീസൺ കീഴിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന വിദേശ താരങ്ങളായ ജോർദാൻ മുറെയുമായും, ഫക്കുണ്ടോ പെരേരയുമായും കരാർ ദീർഘിപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സിന് പദ്ധതിയെന്ന് സൂചന. 2020-21 സീസണിലെ ഉജ്ജ്വല പ്രകടനം തന്നെയാണ് ഈ താരങ്ങളെ ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നതിന് കാരണം. പ്രശസ്ത മാധ്യമമായ ഖേൽ നൗവാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌.

ഒരു വർഷത്തെ കരാറിൽ ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച കളിക്കാരനാണ് പെരേര. അർജന്റൈൻ താരമായ ഈ മുപ്പത്തിമൂന്നുകാരനുമായി ഒപ്പു വെച്ച കോണ്ട്രാക്ടിൽ ഒരു വർഷ കരാർ വിപുലീകരണത്തിനുള്ള ഓപ്ഷനും ക്ലബ്ബ് ഉൾപ്പെടുത്തിയിട്ടുണ്ട്‌. അത് കൊണ്ടു തന്നെ പെരേരയെ ക്ലബ്ബിൽ നിലനിർത്തുന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഓസ്ട്രേലിയൻ താരമായ മുറെയാകട്ടെ ഒരു സീസണിലേക്കുള്ള കരാറിലാണ് കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. ഇതാണിപ്പോൾ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ദീർഘിപ്പിക്കാൻ ക്ലബ്ബ് തയ്യാറെടുക്കുന്നത്. മുറെയും ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ സന്തുഷ്ടനാണെന്നാണ് റിപ്പോർട്ട്.

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമായ പെരേര, 11 മത്സരങ്ങളിൽ നിന്നായി മൊത്തം 794 മിനുറ്റുകളിലാണ് കളിക്കാനിറങ്ങിയത്. രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയ അദ്ദേഹം ഈ സീസണിൽ കൊമ്പന്മാർക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ അവസരം സൃഷ്ടിച്ച കളിക്കാരൻ കൂടിയാണ്. അതേ സമയം, മുറെയാണ് ഇക്കുറി ടീമിന്റെ ഗോളടി യന്ത്രം. 11 മത്സരങ്ങളിൽ 6 ഗോളുകൾ നേടിക്കഴിഞ്ഞ മറെ ഇത്തവണത്തെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലും ശക്തമായി രംഗത്തുണ്ട്.