റയൽ പരിശീലകസ്ഥാനത്ത് നിന്ന് സിദാനെ ഈ സീസൺ ശേഷം മാറ്റിയേക്കും; പകരക്കാരനായി നേഗൽസ്മാനിൽ കണ്ണ് വെച്ച് ലാലിഗ വമ്പന്മാർ

 

കഴിഞ്ഞ കുറച്ച് നാളുകളായി ദയനീയ ഫോമിലൂടെ കടന്നു പോകുന്ന റയൽ മാഡ്രിഡ് ഈ സീസൺ ശേഷം പരിശീലകൻ സിനദിൻ സിദാനെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കുമെന്നും, അദ്ദേഹത്തിന് പകരം ആർബി ലെപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നേഗൽസ്മാനെ ടീമിന്റെ പുതിയ പരിശീലകനാക്കുമെന്നും സൂചന. ജർമൻ ക്ലബ്ബിന്റെ പരിശീലകനായ നേഗൽസ്മാനിൽ റയൽ കണ്ണു വെച്ചതായും, അദ്ദേഹത്തെ സ്പെയിനിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങൾ ക്ലബ്ബ് തുടങ്ങിയതായുമാണ് വാർത്തകൾ. ജർമൻ മാധ്യമമായ ബിൽഡാണ് ഇപ്പോൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2020-21 സീസണിൽ തങ്ങളുടെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാൻ റയൽ മാഡ്രിഡ് കഷ്ടപ്പെടുമ്പോൾ അതിന് ഏറ്റവുമധികം പഴി കേൾക്കുന്നത് പരിശീലകനായ സിദാൻ തന്നെയാണ്. ക്ലബ്ബിലെ ഒരു പറ്റം കളിക്കാരുമായി സിദാന്റെ ബന്ധം വഷളായതായും, ഡ്രെസ്സിംഗ് റൂമിനുള്ളിൽ പഴയ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

സൂപ്പർ കോപ്പയുടെ സെമി ഫൈനലിൽ അത്ലറ്റിക്ക് ക്ലബ്ബിനോടും, കോപ്പ ഡെൽ റേയിൽ അൽകോയാനോയോടും റയൽ തോറ്റതിന് പിന്നാലെ ക്ലബ്ബിന്റെ കടുത്ത ആരാധകർ പോലും സിദാനെതിരെ തിരിഞ്ഞു കഴിഞ്ഞു. ലാലീഗ പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണെങ്കിലും നിലവിലെ അവസ്ഥയിൽ ക്ലബ്ബ് ഇക്കുറി കിരീടത്തിലേക്ക് എത്താനുള്ള സാധ്യതകളും വിദൂരമാണ്.

അതേ സമയം, ആർ ബി ലെപ്സിഗുമായി 2023 വരെ കരാറുള്ള പരിശീലകനാണ് നേഗൽസ്മാൻ. 2019ൽ ക്ലബ്ബിലെത്തി, ചുരുങ്ങിയ കാലം കൊണ്ട് ടീമിൽ വലിയ സ്വാധീനം സൃഷ്ടിച്ച നേഗൽസ്മാൻ മുൻപ് ഹോഫൻഹെമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.