വെസ്റ്റ് ബ്രോമിനെതിരെ സമനില വഴങ്ങിയതിന് പിന്നാലെ റഫറിയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഹാരി മഗ്വയർ

 

വെസ്റ്റ് ബ്രോമിനെതിരെ കഴിഞ്ഞ ദിവസം നടന്ന‌ പ്രീമിയർ ലീഗ് മത്സരത്തിൽ തങ്ങൾക്ക് അനുകൂലമായി ആദ്യം വിധിച്ച പെനാൽറ്റി പിന്നീട് വിഎആർ പരിശോധനക്ക് ശേഷം നിഷേധിച്ച റഫറിയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഹാരി മഗ്വയർ. വിഎആർ പരിശോധനക്ക് ശേഷം നിഷേധിക്കപ്പെട്ട പെനാൽറ്റി തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്നതാണെന്ന് അഭിപ്രായപ്പെടുന്ന മഗ്വയർ, എന്ത് കൊണ്ടാണ് ആ തീരുമാനം‌ പുനപരിശോധിച്ചതെന്ന് മനസിലാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞതിന് ശേഷം സ്കൈ ‌സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സ്കോർ 1-1 എന്ന നിലയിൽ നിൽക്കെയായിരുന്നു വെസ്റ്റ്ബ്രോമിന്റെ സെമി അജയി, മഗ്വയറിനെ ബോക്സിൽ ഫൗൾ ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി റഫറി ക്രെയിഗ് പോസൺ പെനാൽറ്റി വിധിച്ചത്‌‌. എന്നാൽ പിന്നീട് തന്റെ തീരുമാനം വിഎആർ വഴി പുനപരിശോധിക്കാൻ പോസൺ തീരുമാനിക്കുകയായിരുന്നു‌. വിഎആർ പരിശോധനക്ക് ശേഷം റഫറി യുണൈറ്റഡിന് വിധിച്ച പെനാൽറ്റി അസാധുവാക്കുകയായിരുന്നു‌.

“”ഈ മത്സരം ജയിക്കാൻ ആവശ്യമായ ഒട്ടേറെ അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ വഴങ്ങിയ ഗോൾ ഞങ്ങൾക്ക് ബുദ്ധിമുട്ടേറിയതായിരുന്നു‌- ഞങ്ങളെ സംബന്ധിച്ച് അതൊരു ഫൗളായിരുന്നു. ഞങ്ങൾ അവരുടെ പകുതിയിൽ മത്സരം കളിച്ചു. ഞങ്ങൾക്ക് കൂടുതൽ ചെയ്യാനും, മെച്ചപ്പെടുത്താനും കഴിയും. എന്നാൽ ഇത് നിരാശാജനകമാണ്. ഡീപായി പ്രതിരോധിക്കുന്ന ടീമിനെതിരെ ഇത് കഠിനമായ ജോലിയായിരുന്നു‌. രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ച ടെമ്പോ ഉപയോഗിച്ച് കളിച്ചു.” “

– ഹാരി മഗ്വയർ.

“”അതൊരു പെനാൽറ്റിയാണെന്ന് എനിക്കുറപ്പായിരുന്നു. എന്ത് കൊണ്ടാണ് അദ്ദേഹം അത് പരിശോധിക്കാൻ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല.‌ ഞാൻ ഡിഫൻഡറുടെ ഗോൾ സൈഡിലാണ്, തോളിൽ ഒരു സ്പർശം അനുഭവപ്പെട്ടത് പോലെ എനിക്ക് തോന്നി. അവൻ എന്നെ പിന്നിലേക്ക് വലിച്ചു. അതൊരു പെനാൽറ്റിയാണ്, പ്രത്യേകിച്ച് റഫറി ചൂണ്ടിക്കാണിച്ചതിന് ശേഷം അത് അസാധുവാക്കാൻ യാതൊരു സാധുതയുമില്ലെ‌ന്ന് നമ്മൾ കരുതുന്നു. അത് (പെനാൽറ്റി) നൽകപ്പെടുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു.‌ എന്നാൽ ഇപ്പോൾ തീരുമാനങ്ങൾ ഞങ്ങൾക്ക് എതിരായി നടക്കുന്നുവെന്ന് കരുതുന്നു. “

– ഹാരി മഗ്വയർ

അതേ സമയം, ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടിയ മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ഡിയാഗ്നയുടെ ഗോളിൽ മുന്നിലെത്തിയ‌ വെസ്റ്റ്ബ്രോമിനെ 44-ം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെയായിരുന്നു യുണൈറ്റഡ് സമനില പിടിച്ചത്.