സൗദി അറേബ്യയിൽ നിന്നുള്ള കൂറ്റൻ വാഗ്‌ദാനം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും

 

സൗദി അറേബ്യൻ ടൂറിസത്തിന്റെ മുഖമായി മാറാനുള്ള വമ്പൻ തുകയുടെ ഓഫർ ക്രിസ്റ്റ്യാനോ റൊണാൾഡോ വേണ്ടെന്നു വെച്ചതായി റിപ്പോർട്ടുകൾ. ഒരു വർഷം ആറു മില്യൺ യൂറോയാണ് ഇതിനു വേണ്ടി പോർച്ചുഗൽ നായകന് ഓഫർ ചെയ്‌തതെന്നും എന്നാൽ താരം അത് നിഷേധിച്ചുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമായ ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റൊണാൾഡോക്ക് പുറമെ മെസിയെയും ഇതിനായി സമീപിച്ചുവെന്നും എന്നാൽ രണ്ടു താരങ്ങളുടെയും പ്രതിനിധികൾ ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നുമാണ് ടെലഗ്രാഫ് വെളിപ്പെടുത്തുന്നത്. ഒരു ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന നേട്ടം മെസിയും, കരിയറിൽ ഏറ്റവുമധികം ഗോളുകളെന്ന നേട്ടം റൊണാൾഡോയും സ്വന്തമാക്കിയതിന് പിന്നാലെയാണ് താരങ്ങളെ സൗദി സമീപിച്ചത്.

‘വിസിറ്റ് സൗദി’ എന്ന ക്യാമ്പയ്‌നിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് കൊണ്ടു വരാൻ സൗദി അറേബ്യ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തിന്റെ ടൂറിസം മേഖല സജീവമല്ലെങ്കിലും അതു വീണ്ടെടുക്കുമ്പോൾ കൂടുതൽ പേരെ ആകർഷിക്കാനാണ് ഫുട്ബോൾ മേഖലയിലെ സൂപ്പർതാരങ്ങളെ സൗദി അതിന്റെ ഭാഗമാകാൻ ക്ഷണിച്ചത്.

രണ്ടു താരങ്ങൾക്കും ആഗോളതലത്തിലുള്ള പ്രാധാന്യം തങ്ങളുടെ രാജ്യത്തിനും അവിടുത്തെ ഫുട്ബോൾ മേഖലയുടെയും വളർച്ചക്ക് ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് സൗദി അറേബ്യ ഇതിനായി വലിയ തുകയുടെ വാഗ്‌ദാനം നടത്തിയതെങ്കിലും രണ്ടു താരങ്ങളും അതിനു തയ്യാറായില്ല.

ഫുട്ബോൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങളാണ് സൗദി അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷത്തെ സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരങ്ങൾ ജിദ്ദയിലാണ് നടന്നത്. അതേസമയം ഈ വർഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മത്സരങ്ങൾ സ്പെയിനിൽ വെച്ച് തന്നെ നടത്തുകയായിരുന്നു.